Adarsh Namboothiri
ആദർശ് നമ്പൂതിരി – കൊല്ലവർഷം 1158 കന്നി മാസം 20 നു ചെന്തിട്ട ഇല്ലം വാസുദേവൻ നമ്പൂതിരിയുടെയും ആര്യാദേവി അന്തർജ്ജനത്തിന്റെയും മകനായി ജനനം. അച്ഛൻ വാസുദേവൻ നമ്പൂതിരിയുടെ കീഴിൽ വേദപഠനവും ജ്യോതിഷവും അഭ്യസിച്ചു. പാലാ SRKA സംസ്കൃത കോളേജിൽ നിന്നും അദ്വൈത വേദാന്തത്തിൽ ബിരുദവും തിരുപ്പതി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠത്തിൽ നിന്നും സംസ്കൃതത്തിൽ ബിരുദാനന്തരബിരുദവും നേടി. കുറുമുള്ളൂർ തൃക്കയിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കുറുമുള്ളൂർ വാര്യമ്യാലിൽ ദേവീക്ഷേത്രം, വേദഗിരി ശ്രീധർമ്മശാസ്താക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി ജോലി ചെയ്തിട്ടുണ്ട്.
ചെന്തിട്ട ഇല്ലം
കുടുംബചരിത്രം
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൻ്റെ അവകാശികളായ എട്ട് ഇല്ലങ്ങളിൽ ഒന്നാണ് ചെന്തിട്ട ഇല്ലം. അഷ്ടനാഗങ്ങൾ, ഭദ്രകാളി, ശിവൻ, ശാസ്താവ് എന്നീ മൂർത്തികൾ ഇല്ലത്തു കുടികൊള്ളുന്നതായി കരുതപ്പെടുന്നു. സർപ്പദോഷം അകറ്റാൻ വിവിധ ദേശങ്ങളിൽനിന്നുപോലും ആളുകൾ ഇല്ലത്തെത്താറുണ്ട്. ഇല്ലത്തെ സർപ്പക്കാവ് യഥാവിധി പരിപാലിച്ചു പോരുന്നു.
സി എസ് വാസുദേവൻ നമ്പൂതിരി
പിതാവ് & ഗുരു , ചെന്തിട്ട ഇല്ലം
ക്ഷേത്രപൂജാദി കർമ്മങ്ങളിലൂടെ ദേവന്മാരെ പ്രസാദിപ്പിച്ചു മനുഷ്യകുലത്തിനൊന്നാകെ ക്ഷേമൈശ്വര്യങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട് കർമ്മവഴിയിൽ പ്രയാണം നടത്തിയ വ്യക്തിയാണ് ബ്രഹ്മശ്രീ സി എസ് വാസുദേവൻ നമ്പൂതിരി. ദൈവത്തിനും മനുഷ്യനും ഇടയിലുളള മധ്യസ്ഥനായി നിന്നുകൊണ്ട്, ഭഗവദ്പ്രീതിക്കായുള്ള പൂജാദികർമ്മങ്ങളിൽ സദാവ്യാപൃതനായിരുന്നു ഇദ്ദേഹം.
1953 ൽ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും പാർവതി അന്തർജ്ജനത്തിന്റെയും മകനായാണ് വാസുദേവൻ നമ്പൂതിരിയുടെ ജനനം. കഥകളിയിലും “യാത്രക്കളിയിലും” ഏറെ പ്രഗത്ഭനായിരുന്നു സുബ്രഹ്മണ്യൻ നമ്പൂതിരി. നമ്പൂതിരി ഇല്ലങ്ങളിലെ പ്രധാന അനുഷ്ഠാനകലയായിരുന്നു “യാത്രക്കളി”.
കാണക്കാരി ഗവ: ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസകാലം മുതൽ തന്നെ വല്യച്ഛന്റെ നിരീക്ഷണത്തിൽ ക്ഷേത്രപൂജകളിൽ പരിശീലനം സിദ്ധിച്ചു തുടങ്ങി. ജ്യോതിഷത്തിലും പ്രാവീണ്യം നേടി. തുടർന്ന്, വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി സേവനം ചെയ്തു തുടങ്ങി.
കോതനല്ലൂർ ദേവീക്ഷേത്രം, കാണക്കാരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കുറുമുള്ളൂർ തൃക്കയിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കുറുമുള്ളൂർ വാര്യമ്യാലിൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്ന വാസുദേവൻ നമ്പൂതിരി ഒടുവിൽ വേദഗിരി ശ്രീധർമ്മശാസ്താക്ഷേത്രം മേൽശാന്തിയായിരുന്നു. 1192ആം ആണ്ട് ധനുമാസം 14 നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.